This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള വനിതാ കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള വനിതാ കമ്മിഷന്‍

കേരള വനിതാ കമ്മിഷന്‍

കേരളത്തില്‍ സ്ത്രീകളെ സംബന്ധിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് അധികാരമുള്ള സ്ഥാപനം. 1995-ലെ കേരള വനിതാകമ്മിഷന്‍ ആക്റ്റ് നിലവില്‍ വന്നു. വനിതാ കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. സ്ത്രീകള്‍ക്കെതിരായ നീതിരഹിതമായ പ്രവര്‍ത്തനങ്ങളില്‍ കമ്മിഷന്‍ ഇടപെടുകയും ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കുകയും ചെയ്യുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് കമ്മിഷന്റെ ചുമതലയാണ്. 1996-ല്‍ നിലവില്‍വന്ന വനിതാ കമ്മിഷന്റെ ആദ്യ ചെയര്‍പേഴ്സണ്‍ സുഗതകുമാരിയായിരുന്നു. വനിതാകമ്മിഷന് ലഭിക്കുന്ന പരാതികളിന്മേല്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും പരിഹരിക്കുന്നതിനുമായി എസ്.പി. റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ കമ്മിഷനില്‍ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് മെമ്പര്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഭരണവിഭാഗമാണ്. വനിതാകമ്മിഷന് ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലകള്‍തോറും അദാലത്തുകളും മെഗാ അദാലത്തുകളും സംഘടിപ്പിച്ചുവരുന്നു. അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് വനിതാ കമ്മിഷനില്‍ പരാതി നല്കാനും, വനിതാകമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എസ്.എം.എസ്. വഴി വിവരങ്ങളറിയുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണഘടന അനുശാസിക്കുന്ന തുല്യപദവിയും പരിഗണനയും സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍, സംസ്ഥാന വനിതാ കമ്മിഷന്‍ പ്രതിജ്ഞാബദ്ധമാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും പരാതിയുണ്ടാകാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ നല്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സാമൂഹികക്ഷേമവകുപ്പിന്റെയും സഹായത്തോടെ വനിതാ കമ്മിഷന്‍ ജാഗ്രതാസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസസൗകര്യം ഒരുക്കുന്നതിനായി, സംസ്ഥാനമൊട്ടാകെ വനിതാ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ നിരവധി ഹോസ്റ്റലുകളും മറ്റ് താമസകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ലിംഗവിവക്ഷാ ബോധവത്കരണ സെമിനാറുകള്‍, ഡി.എന്‍.എ. പരിശോധനകള്‍, സ്ത്രീശക്തി മാസികയുടെ പ്രസിദ്ധീകരണം, ഹ്രസ്വകാല താമസ ഭവനങ്ങളുടെ നിര്‍മാണം, കലാലയ ജ്യോതി, പരാതിപരിഹാര സെല്‍, അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം, കൗണ്‍സിലിങ്, ഹെല്‍പ്പ് ലൈന്‍, ഗവേഷണപഠനങ്ങള്‍, ബോധവത്കരണ പരിപാടികളും നിയമശില്പശാലയും സംഘടിപ്പിക്കല്‍ എന്നിവയാണ് കമ്മിഷന്റെ ഇതരപ്രവര്‍ത്തനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍